ബുദ്ധമതത്തിന്‍റെ അപചയവും പതനവും: Dr BR Ambedkar
ബുദ്ധമതത്തിന്‍റെ അപചയവും പതനവും
Dr. B.R. Ambedkar
ഡോക്ടര്‍ അംബേദ്‌കര്‍ “ബുദ്ധമതത്തിന്‍റെ അപചയവും പതനവും
എഴുതിയത് ‘ വിപ്ലവവും പ്രതിവിപ്ലവവും’ എന്ന പ്രബന്ധത്തിന്‍റെ ഭാഗമായിട്ടായിരുന്നു.
അതിന്‍റെഅഞ്ചു പേജുകള്‍ മാത്രമേ ഞങ്ങള്‍ക്കു കിട്ടിയ കടലാസുകളുടെ കൂട്ടത്തില്‍
ഉണ്ടായിരുന്നുള്ളു. അതുതന്നെ തിരുത്തിയതായിരുന്നില്ലതാനും ഏതായാലും ഈ ഉപന്യാസത്തിന്‍റെ പകര്‍പ്പ് ശ്രീ എസ് എസ്.
റെജെ ഞങ്ങള്‍ക്ക് ലഭ്യമാക്കി. അതിൽ ഡോക്ടര്‍. അംബേദ്‌കറുടെ കയ്യക്ഷരത്തിലുള്ള ചില
തിരുത്തലുകളുണ്ട്. ടൈപ്പ് ചെയ്ത പതിനെട്ട് പേജുകളുള്ള ആ ലേഖനമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.
1
ബുദ്ധമതം ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായത് ആ
വിഷയത്തെക്കുറിച്ച് ചിന്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെയേറെ അത്ഭുതജനകമായ
ഒരുകാര്യമാണ്. അതേസമയം തന്നെ, അത് ഖേദകരമായ ഒരു കാര്യവുമാണ്. എന്നാല്‍ ബുദ്ധമതം
ചൈനയിലും ജപ്പാനിലും ബര്‍മയിലും സയാമിലും അനമിലും ഇന്തോ- ചൈനയിലും സിലോണിലും
മലയാദ്വീപസമൂഹത്തിന്‍റെ ചില ഭാഗങ്ങളിലും ഇന്നും ജീവിക്കുന്നു. ഇന്ത്യയില്‍ മാത്രം
അത് ഇല്ലാതായിരിക്കുന്നു. ഇന്ത്യയില്‍ അതില്ലതായെന്നു മാത്രമല്ല, ബുദ്ധന്‍റെ
പേരുപോലും ഭൂരിപക്ഷം ഹിന്ദുക്കളും മറന്നുപോയിരിക്കുകയാണ്. ഇങ്ങനെയൊരു കാര്യം എങ്ങനെയാണ് സംഭവിക്കുക? വളരെ
പ്രധാനപ്പെട്ട ഒരുചോദ്യമാണിത്. പക്ഷെ അതിന് തൃപ്തികരമായ മറുപടിയില്ല. തൃപ്തികരമായ
മറുപടിയില്ലെന്നു മാത്രമല്ല, തൃപ്തികരമായ മറുപടി കണ്ടെത്താന്‍ ആരും
ശ്രമിച്ചിട്ടുമില്ല. ഈ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ വളരെ പ്രാധാന്യമുള്ള ഒരു
വ്യത്യാസം ആളുകള്‍ ശ്രദ്ധിക്കാറില്ല. ബുദ്ധമതത്തിന്‍റെ അപചയവും ബുദ്ധമതത്തിന്‍റെ
പതനവും തമ്മിലുള്ള വ്യത്യാസമാണത്. ഈ വ്യത്യാസം കാണേണ്ടത് അത്യന്താപേക്ഷിതമാകുന്നു.
എന്തുകൊണ്ടെന്നാല്‍, ബുദ്ധമതത്തിന്‍റെ പതനത്തിനുള്ളകാരണങ്ങള്‍ അതിന്‍റെ
അപചയത്തിനുള്ള കാരണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ബുദ്ധമതത്തിന് പതനം സംഭവിച്ചത്
വ്യക്തമായകാരണങ്ങള്‍ കൊണ്ടാണ്. അതേസമയം അതിന്‍റെ അപചയത്തിനുള്ള കാരണം അത്രകണ്ട്
വ്യക്തമല്ല.
മുസല്‍മാന്മാരുടെ
ആക്രമണങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ ബുദ്ധമതത്തിന് പതനം സംഭാവിച്ചതെന്നതില്‍
സംശയമില്ല. ‘ബൂത്തി’ (But) ന്‍റെ ശത്രുവായിട്ടാണ് ഇസ്ലാം രംഗപ്രവേശം ചെയ്തത്.
‘ബൂത്ത്’ എന്നത് ഒരു അറബിവാക്കാണ്. വിഗ്രഹം എന്നാണതിന്‍റെ അര്‍ഥം. പക്ഷേ, ‘ബൂത്ത്’
എന്ന വാക്കിന്‍റെ വ്യുല്പത്തി എന്താന്നെന്ന് അധികമാളുകള്‍ക്ക് അറിയില്ല. ബുദ്ധന്‍ എന്ന
വാക്കിന്‍റെ വികലമായ അറബിരൂപമാണത്. അപ്പോള്‍ മുസ്ലിങ്ങളുടെ മനസ്സില്‍
വിഗ്രഹാരാധനയെ ബുദ്ധന്‍റെ മതവുമായി താദാത്മ്യപ്പെടുത്തിയിരുന്നുവെന്ന് ഈ വാക്കിന്‍റെ ഉത്ഭവം സൂചിപ്പിക്കുന്നു. മുസ്ലിങ്ങളെ
സംബന്ധിച്ചിടത്തോളം രണ്ടും ഒന്നുതന്നെയായിരുന്നു. അതുകൊണ്ട് വിഗ്രഹങ്ങള്‍ തകര്‍ക്കുകയെന്ന
ദൗത്യം ബുദ്ധമതത്തെ നശിപ്പിക്കുകയെന്ന ദൗത്യമായിത്തീര്‍ന്നു. ഇസ്ലാം
ഇന്ത്യയില്‍ മാത്രമല്ല, അത് ചെന്നിടത്തെല്ലാം ബുദ്ധമതത്തെ നശിപ്പിച്ചു. ഇസ്ലാമിന്‍റെ
ആവിര്‍ഭാവത്തിന് മുന്‍പ് ബുദ്ധമതം ബാക്ട്രിയായിലെയും പര്‍ത്തിയായിലെയും
അഫ്ഗാനിസ്ഥാനിലെയും ഗാന്ധാരത്തിലെയും ചൈനീസ്, ടര്‍ക്കിസ്ഥാനിലെയും മുഴുവന്‍
ഏഷ്യയുടെയും മതമായിരുന്നു.’ ഈ രാജ്യങ്ങളിലെല്ലാം ഇസ്ലാം ബുദ്ധമതത്തെ നശിപ്പിച്ചു.
വിന്‍സെന്‍റ സ്മിത്ത് ചൂണ്ടിക്കാട്ടുന്നതുപോലെ: ‘
“
മുസല്‍മാന്‍ ആക്രമണകാരികള്‍ വിവിധ സ്ഥലങ്ങളില്‍ കരുതിക്കൂട്ടി നടത്തിയ വെറിപിടിച്ച
കൂട്ടക്കൊലകള്‍ യാഥാസ്ഥിതിക ഹിന്ദുക്കള്‍ നടത്തിയ പീഡനങ്ങളെക്കാള്‍
ഫലവത്തായിരുന്നു. ഇന്ത്യയിലെ അനേകം പ്രവിശ്യകളില്‍ ബുദ്ധമതം അപ്രത്യക്ഷമാകുന്നതില്‍
ഇതിന് വലിയ പങ്കുണ്ടായിരുന്നു. “
ഈ വിശദീകരണം കൊണ്ട് എല്ലാവരും തൃപ്തിപ്പെടുകയില്ല. ഇത്
ആപര്യാപ്തമാണെന്നു തോന്നുന്നു. ഇസ്ലാം ബ്രാഹ്മണമതത്തെയും ബുദ്ധമതത്തെയും
ആക്രമിക്കുകയുണ്ടായി. അപ്പോള്‍ ഒന്നു നിലനില്‍ക്കുകയും മറ്റേത് നശിക്കുകയും
ചെയ്തത് എന്തുകൊണ്ടാന്നെന്ന ചോദ്യമുണ്ടാകും, ഈ വാദം ന്യായയുക്തമാണെങ്കിലും
സിദ്ധാന്തത്തിന്‍റെ സാധുതയെ അത് നശിപ്പിക്കുന്നില്ല, ബ്രാഹ്മണമതം നിലനിന്നുവെന്ന് സമ്മതിക്കുന്നതുകൊണ്ട്
ഇസ്ലാമിന്‍റെ വാള്‍കൊണ്ടല്ല ബുദ്ധമതം നിലംപൊത്തിയതെന്ന് അതിനര്‍ഥമില്ല. അതിന്
ആകെക്കൂടിയുള്ള അര്‍ഥം ഇസ്ലാമിന്‍റെ ആക്രമണത്തെ അതിജീവിക്കാന്‍ ബ്രാഹ്മണമതത്തിന്
കഴിയുകയും ബുദ്ധമതത്തിന് കഴിയാതെ വരികയും ചെയ്ത പരിതസ്ഥിതികള്‍
ഉണ്ടായിരുന്നുവെന്നാണ്, ബ്രാഹ്മണമതത്തെ സംബന്ധിച്ചിടത്തോളം ഭാഗ്യകരവും ബുദ്ധമതത്തെ
സംബന്ധിച്ചിടത്തോളം നിര്‍ഭാഗ്യകരവുമാണെങ്കിലും വസ്തുത അതായിരുന്നു.
മുസ്ലിം
അക്രമണങ്ങളെന്ന അത്യാഹിതത്തെ അതിജീവിക്കാന്‍ ബ്രാഹ്മണമതത്തിന് കഴിയുകയും ബുദ്ധമതത്തിന്
കഴിയാതെ വരികയും ചെയ്തത് മൂന്ന് പ്രത്യേക സാഹചര്യങ്ങള്‍ നിമിത്തമാണെന്ന് ഇക്കാര്യം
ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുന്നവര്‍ക്ക് കാണാം. ഒന്നാമത്, മുസ്ലിം
ആക്രമണങ്ങളുണ്ടായ സമയത്ത് ബ്രാഹ്മണമതത്തിന് സര്‍ക്കാരിന്‍റെ പിന്തുണയുണ്ടായുന്നു;
ബുദ്ധമതത്തിന് അത്തരം പിന്തുണയുണ്ടായിരുന്നില്ല. എങ്കിലും ഇതിനെക്കാള്‍
പ്രാധാന്യമര്‍ഹിക്കുന്നത് ഇസ്ലാം ശാന്തമായ ഒരു മതമായിത്തീരുകയും
വിഗ്രഹാരാധനയ്ക്കെതിരായ ദൗത്യമെന്ന നിലയില്‍ തുടക്കത്തില്‍ അതിനുണ്ടായിരുന്ന ആവേശം
ആറിത്തണുക്കുകയും ചെയ്യുവോളം ബ്രാഹ്മണമതത്തിനുണ്ടായിരുന്ന സര്‍ക്കാര്‍ പിന്തുണ
നീണ്ടുനിന്നുവെന്ന വസ്തുതയാണ്. രണ്ടാമത്, ഇസ്ലാമിന്‍റെ വാള്‍
ബുദ്ധമതപുരോഹിതവൃന്ദത്തെ ഒന്നടങ്കം നശിപ്പിച്ചുകളഞ്ഞു. അവരെ പുനരുജ്ജീവിപ്പിക്കുക
സാധ്യമല്ലായിരുന്നു. നേരേമറിച്ച്. ബ്രാഹ്മണ പുരോഹിതവര്‍ഗത്തെ നിശ്ശേഷം
നശിപ്പിക്കാന്‍ ഇസ്ലാമിന് കഴിഞ്ഞില്ല. ബുദ്ധമതക്കാരായ സാധാരണക്കാരെ ഇന്ത്യയിലെ
ബ്രാഹ്മണമതക്കാരായ രാജാക്കന്മാര്‍ കഠിനമായി പീഡിപ്പിച്ചിരുന്നു. ഈ മര്‍ദനം
സഹിക്കവയ്യാതെ ഇന്ത്യയിലെ ബുദ്ധമതക്കാരായ ജനങ്ങള്‍ ഇസ്ലാമിനെ ആശ്ലേഷിക്കുകയും
ബുദ്ധമതം ഉപേക്ഷിക്കുകയും ചെയ്തു.
ഇപ്പറഞ്ഞ
സാഹചര്യങ്ങളില്‍ ചരിത്രം സാക്ഷ്യം വഹിക്കാത്തതായി ഒന്നുപോലുമില്ല.
ഇന്ത്യയില്‍
മുസ്ലിം ആധിപത്യത്തിന്‍കീഴില്‍ വന്ന പ്രവശ്യകളില്‍ ഒന്നാമത്തേത് സിന്‍ഡ്
ആയിരുന്നു. ഒരു ശൂദ്രരാജാവാണ് അത് ഭരിച്ചിരുന്നത്. പക്ഷേ ഒരു ബ്രാഹ്മണന്‍
അദ്ദേഹത്തിന്‍റെ കിരീടം തട്ടിത്തെറിപ്പിച്ച് സ്വന്തം വംശം സ്ഥാപിച്ചു.
സ്വാഭാവികമായും അത് ബ്രാഹ്മണമതത്തിന് പിന്തുണ നല്‍കി. ഇക്കാലത്ത് എ. ഡി. 712- ല്‍
ഇബിന്‍ കാസിം സിന്‍ഡ് ആക്രമിച്ചു. അന്ന് സിന്‍ഡിലെ രാജാവ് ദാഹിര്‍ ആയിരുന്നു.
അദ്ദേഹം ബ്രാഹ്മണരാജാക്കന്മാരുടെ വംശത്തില്‍പ്പെട്ടവനായിരുന്നു.
തന്‍റെ
കാലത്ത് പഞ്ചാബ് ഭരിച്ചിരുന്നത് ബുദ്ധമാതാനുയായികളായ ഒരു
ക്ഷത്രിയവംശംമായിരുന്നുവെന്ന് ഹ്യുയെന്‍സാങ്ങ് കാണുകയുണ്ടായി. ഏകദേശം എ. ഡി. 880
വരെ ആ വംശം പഞ്ചാബ് ഭരിച്ചു. എ. ഡി. 880- ല്‍ ബ്രാഹ്മണനായ ലല്ലിയ എന്ന
സൈന്യാധിപന്‍ ബലാല്‍ക്കാരമായി കിരീടം പിടിച്ചെടുത്ത് ഷാഹി എന്ന ബ്രാഹ്മണവംശം
സ്ഥാപിച്ചു. എ. ഡി. 880 മുതല്‍ 1021 വരെ പഞ്ചാബ് ഭരിച്ചത് പ്രസ്തുത വംശമാണ്.
സബുക്താജിനും മഹമ്മദും പഞ്ചാബിനെതിരായി ആക്രമണങ്ങള്‍ തുടങ്ങിയ സമയത്ത് അവിടത്തെ
നാട്ടുരാജാക്കന്മാര്‍ ബ്രാഹ്മണമതത്തില്‍പെട്ടവരായിരുന്നു. ജയപാലന്‍ ( എ. ഡി. 960-980) ആനന്ദപാലന്‍ ( എ.
ഡി. 980-1000), ത്രിലോചനപാലന്‍ (എ. ഡി. 1000-1021) എന്നിവര്‍ സബുക്താജിന്‍,
മഹമ്മദ് എന്നിവര്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് നാം ധാരാളം വായിക്കാറുണ്ടല്ലോ,
അവരെല്ലാം ബ്രാഹ്മണമതത്തില്‍പ്പെട്ടവരായിരുന്നു.
മഹമ്മദിന്‍റെ കാലംമുതല്‍ തുടങ്ങിയ മുസ്ലിം ആക്രമണങ്ങള്‍
മധ്യഭാരതത്തിലേക്കും വ്യാപിച്ചു. മഹമ്മദിനു ശേഷം ഷഹാബുദ്ദിന്‍ ഗോറിയുടെ
നേതൃത്വത്തില്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. അന്ന് മധ്യഭാരതത്തില്‍ പല രാജ്യങ്ങളുണ്ടായിരുന്നു.
ഗുലോഹിതന്മാര്‍ ഭരിച്ചിരുന്ന മേവാഡ് (ഇന്നത്തെ ഉദയ്പൂര്‍), ചൗഹാന്മാര്‍
ഭരിച്ചിരുന്ന സംഭാര്‍ (ഇന്നു ബുണ്ടി, കോട്ടാ, സിരോഹി എന്നിങ്ങനെ വിഭജിച്ചിരുന്നു),
പ്രതിഹരന്മാര്‍ ഭരിച്ചിരുന്ന കനൗജ്, പരമര്‍മാര്‍ ഭരിച്ചിരുന്ന ധര്‍ ചണ്ഡാലർ ഭരിച്ചിരുന്ന ബുണ്ടല്‍ഖണ്ട്, ചവ്ദാകള്‍ ഭരിച്ചിരുന്ന
അന്ജില്‍വാഡ്, കാലാച്ചുരികര്‍ ഭരിച്ചിരുന്ന ചേദി എന്നിവയായിരുന്നു പ്രസ്തുതരാജ്യങ്ങള്‍ ഈ രാജ്യങ്ങളിലെ രാജാക്കന്മാര്‍ രജപുത്രരായിരുന്നു, ഏതോ രഹസ്യകാരണങ്ങള്‍
കൊണ്ട്- അതെപ്പറ്റി ഞാന്‍ പിന്നീട് ചര്‍ച്ചചെയ്യാം- രജപുത്രര്‍ ബ്രാഹ്മണമതത്തിന്‍റെ
ഉറച്ച പിന്തുണയ്ക്കാരായിത്തീര്‍ന്നു.
ഈ
ആക്രമണങ്ങള്‍ നടന്ന സമയത്ത് ബംഗാള്‍ പൂര്‍വബംഗാളെന്നും പശ്ചിമബംഗാളെന്നും രണ്ടുരാജ്യങ്ങളായി മാറിക്കഴിഞ്ഞിരുന്നു. പൂര്‍വബംഗാള്‍ ഭരിച്ചിരുന്നത് സേനവംശജരായ
രാജാക്കന്മാരും പശ്ചിമബംഗാള്‍ ഭരിച്ചിരുന്നത് പാല വംശജരായ രാജക്കന്മാരും ആയിരുന്നു.
പാലവംശക്കാര്‍ ക്ഷത്രിയരായിരുന്നു. ശ്രീ വൈദ്യ പറയുന്നപോലെ, “ ആരംഭത്തില്‍ മാത്രമോ,
അല്ലെങ്കില്‍, പേരിലോ അവര്‍ ബുദ്ധമതക്കാരുമായിരുന്നു. “ സേനവംശക്കാരായ
രാജാക്കന്മാരുടെ കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. ക്ഷത്രിയരുടെ സൈനികവൃത്തി
സ്വീകരിച്ച ബ്രാഹ്മണരായിരുന്നു അവരെന്ന് ഡോ. ഭണ്ഡാർക്കർ പറയുന്നു. എന്നാല്‍
സേനരാജാക്കന്മാര്‍ ആര്യക്ഷത്രിയരോ, ചന്ദ്രവംശത്തില്‍പ്പെട്ട രജപുത്രരോ
ആയിരുന്നുവെന്നാണ് ശ്രീ വൈദ്യയുടെ ദൃഡമായ അഭിപ്രായം, ഏതായാലും രാജപുത്രരെപ്പോലെ
സേനന്മാരും യാഥാസ്ഥിതികമതത്തിന്‍റെ പിന്തുണക്കാരായിരുന്നുവെന്നതില്‍
പക്ഷാന്തരമില്ല.
മുസ്ലിം
ആക്രമണങ്ങളുടെ സമയത്തോടടുത്ത് നെര്‍ബുദ്ദ നദിക്ക് തെക്ക് നാലു രാജ്യങ്ങള്ണ്ടായിരുന്നു:
(1) പശ്ചിമചാലുക്യന്മാരുടെ ഡെക്കാന്‍ രാജ്യം; (2) ചോളന്മാരുടെ ദക്ഷിണരാജ്യം; (3)
പശ്ചിമതീരത്ത് കൊങ്കന്മാരുടെ ശിലാഹരരാജ്യം; (4) പൂര്‍വതീരത്ത് ത്രികലിംഗരുടെ
ഗംഗാരാജ്യം. മുസ്ലിം ആക്രമണങ്ങളുടെ കാലമായ എ. ഡി. 1000- നും 1200- നുമിടയ്ക്ക് ഈ
രാജ്യങ്ങള്‍ ഐശ്വര്യസമ്പന്നങ്ങളായിരുന്നു. അവയുടെ കീഴില്‍ ചില ഫ്യുഡല്‍
രാജ്യങ്ങളുണ്ടായിരുന്നു. എ. ഡി. പന്ത്രണ്ടാം ശതകത്തില്‍ അധികാരത്തില്‍ വന്ന പ്രസ്തുതരാജ്യങ്ങള്‍ പതിമൂന്നാം
ശതകത്തില്‍ ശക്തിയുള്ള സ്വതന്ത്രരാജ്യങ്ങളായിത്തീര്‍ന്നു. ആ രാജ്യങ്ങള്‍, (1)
യാദവന്മാര്‍ ഭരിച്ചിരുന്ന ദേവഗിരി; (2) കാകതീയന്മാര്‍ ഭരിച്ചിരുന്ന വാറംഗല്‍; (3)
ഹൊയാശലന്മാര്‍ ഭരിച്ചിരുന്ന ഹലേബിദ്; (4) പാണ്ട്യന്മാര്‍ ഭരിച്ചിരുന്ന മധുര; (5)
ചേരന്മാര്‍ ഭരിച്ചിരുന്ന തിരുവിതാംകൂര്‍ എന്നിവയാണ്.
ഈ ഭരണാധികാരവംശങ്ങളെല്ലാം യാഥാസ്ഥിതികബ്രാഹ്മണമതത്തിന്‍റെ
അനുയായികളായിരുന്നു.
ഇന്ത്യയ്ക്കെതിരായ
മുസ്ലിം ആക്രമണങ്ങള്‍ തുടങ്ങിയത് എ. ഡി. 1001- ല്‍ ആയിരുന്നു. ഈ ആക്രമണങ്ങളുടെ
അവസാനതരംഗങ്ങള്‍ എ. ഡി. 1296- ല്‍ ദക്ഷിണേന്ത്യയിലെത്തി. അന്ന് അലാവുദീന്‍ കില്‍ജി
ദേവഗിരി രാജ്യം ആക്രമിച്ചു കീഴടക്കി. എങ്കിലും, ഇന്ത്യക്കെതിരായ മുസ്ലിം വിജയം
1296- ല്‍ പൂര്‍ത്തിയായിരുന്നില്ല. മുസ്ലിം ജേതാക്കളും തദ്ദേശീയരാജാക്കന്മാരും
തമ്മിലുള്ള കീഴടക്കല്‍ യുദ്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു (തദ്ദേശീയ
രാജാക്കന്മാര്‍ പരാജിതരായെങ്കിലും നശിച്ചുപോയിരുന്നില്ല). ഇതൊക്കെയായാലും ഇവിടെ
ഓര്‍ത്തിരിക്കേണ്ട സംഗതി, മുസ്ലിങ്ങളുടെ ഈ ആക്രമണങ്ങള്‍ നടന്ന മുന്നൂറുവര്‍ഷക്കാലവും
ഇന്ത്യയിലുടനീളം ഭരണം നടത്തിയിരുന്നത് യാഥാസ്ഥിതികബ്രാഹ്മണമതത്തില്‍
വിശ്വസിച്ചിരുന്ന രാജാക്കന്മാരയിരുന്നുവെന്നതാണ്. മുസ്ലിം ആക്രമണകാരികള്‍ തകര്‍ത്ത്
തരിപ്പണമാക്കിയ ബ്രാഹ്മണമതത്തിന് പിന്തുണയ്ക്കും ജീവസന്ധാരണത്തിനും വേണ്ടി
രാജാക്കന്മാരുടെ സഹായം പ്രതീക്ഷിക്കാമായിരുന്നു; അവര്‍ക്കത് ലഭിക്കുകയും ചെയ്തു.
മുസ്ലിം ആക്രമണകാരികള്‍ തകര്‍ത്ത് തരിപ്പണമാക്കിയ ബുദ്ധമതത്തിന് ഇങ്ങനെ ഒരു
പ്രത്യാശയില്ലായിരുന്നു. ആരും നോക്കാനില്ലാത്ത ഒരു അനാഥശിശുവിന്‍റെ
സ്ഥിതിയിലായിരുന്നു അത്. സ്വദേശികളായ രാജാക്കന്മാരുടെ തണുത്ത കാറ്റില്‍ അത്
ചുക്കിചുളുങ്ങി. ജേതാക്കള്‍ കൂട്ടിയ തീയില്‍ അത് എരിഞ്ഞടങ്ങി.
മുസ്ലിം
ആക്രമണകാരികള്‍ നാളന്ദ, വിക്രമശില, ജഗദ്ധാല, ഓദന്തപുരി മുതലായ കേന്ദ്രങ്ങളിലെ
ബുദ്ധ സര്‍വകലാശാലകള്‍ ആക്രമിച്ച് തകര്‍ത്തു. നാടൊട്ടുക്കുണ്ടായിരുന്ന
ബുദ്ധവിഹാരങ്ങള്‍ അവര്‍ ചുട്ടെരിച്ചു. ആയിരക്കണക്കിന് ബുദ്ധഭിക്ഷുക്കള്‍
നീപ്പാളിലേക്കും ടിബറ്റിലേക്കും ഇന്ത്യയ്ക്കു വെളിയില്‍ മറ്റു സ്ഥലങ്ങളിലേക്കും
പലായനം ചെയ്തു. മുസ്ലിം സേനാധിപന്മാര്‍ ഒട്ടേറെപ്പേരെ വധിച്ചു. മുസ്ലിം
ആക്രമണകാരികളുടെ വാളാല്‍ ബുദ്ധപുരോഹിതന്മാര്‍ എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്ന്
മുസ്ലിം ചരിത്രകാരന്മാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എ. ഡി. 1197- ല്‍ ബീഹാര്‍
ആക്രമണവേളയില്‍ ഒരു മുസ്ലിം ജനറല്‍ ബുദ്ധഭിക്ഷുക്കളെ കരുതിക്കൂട്ടി കശാപ്പു
ചെയ്തതു സംബന്ധിച്ച തെളിവുകള്‍ സംഗ്രഹിച്ചുകൊണ്ട് വിന്‍സെന്‍റ് സ്മിത്ത് പറയുന്നു:
“കൊള്ളയടിക്കാന്‍ വേണ്ടി, വീണ്ടും വീണ്ടും ബീഹാറില്‍ ആക്രമണങ്ങള്‍ നടത്തിയതുവഴി തന്‍റെ
പേരുകൊണ്ടുതന്നെ കൊടുംഭീതി സൃഷ്ടിച്ചു കഴിഞ്ഞിരുന്ന മുസ്ലിം ജനറല്‍, സാഹസികമായ
ഒരാക്രമണത്തിലൂടെയാണ് തലസ്ഥാനം പിടിച്ചെടുത്തത്. ഏറെക്കുറെ സമകാലികനായ ഒരു
ചരിത്രകാരന്‍ ആക്രമണസംഘത്തിലുണ്ടായിരുന്ന ഒരാളെ എ. ഡി. 1243 ല്‍ കാണുകയുണ്ടായി,
ബീഹാര്‍ കോട്ട പിടിച്ചടക്കിയത് ഇരുന്നുറു കുതിരപ്പടയാളികള്‍ മാത്രമടങ്ങിയ ഒരു
സംഘമായിരുന്നുവെന്ന് അയാളില്‍ നിന്ന് ചരിത്രകാരന്‍ മനസ്സിലാക്കി. ആക്രമണകാരികള്‍ ധൈര്യസമേതം
പുറംവാതില്‍ ആക്രമിച്ച് കീഴടക്കി സ്ഥലം കൈവശപ്പെടുത്തുകയാണുണ്ടായത്. അവര്‍ക്ക് വന്‍തോതില്‍
കൊള്ളകള്‍ കിട്ടി. “ മൊട്ടത്തലയന്മാരായ ബ്രാഹ്മണരുടെ” അതായത്, ബുദ്ധഭിക്ഷുക്കളുടെ
കശാപ്പ് ആദ്യന്തം പരിപൂര്‍ണമായിരുന്നു. ഗ്രന്ഥശാലകളിലെയും സന്ന്യാസിമഠങ്ങളിയെലും പുസ്തകങ്ങളുടെ
ഉള്ളടക്കം വിശദീകരിക്കാന്‍ കഴിവുള്ള ഒരാളെ ജേതാക്കള്‍ അന്വേഷിച്ചപ്പോള്‍
വായിക്കാനറിയാവുന്ന ഒരു മനുഷ്യനെയും ജീവനോടെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ‘ ആ
കോട്ടയും നഗരവും മുഴുവനും ഒരു കോളേജായിരുന്നു. ഹിന്ദിഭാഷയില്‍ കോളേജിനെ ബീഹാര്‍(വിഹാരം)
എന്നാണ് വിളിക്കുന്നത്’ എന്നും അയാള്‍ പറഞ്ഞുവത്രെ.”
ഇസ്ലാം
ആക്രമണകാരികള്‍ ബുദ്ധപുരോഹിതന്മാരെ കരുതിക്കൂട്ടി കശാപ്പ് ചെയ്തത് ഈ
വിധത്തിലായിരുന്നു. അവര്‍ കോടാലി പ്രയോഗിച്ചത് വേരില്‍ത്തന്നെയായിരുന്നു.
എന്തുകൊണ്ടെന്നാല്‍ ബുദ്ധപുരോഹിതന്മാരെ വധിച്ചതിലൂടെ അവര്‍ ബുദ്ധമതത്തെ വധിച്ചു.
ബുദ്ധന്‍റെ മതത്തിന് ഇന്ത്യയില്‍ സംഭവിച്ച ഏറ്റവും വലിയ അത്യാഹിതം ഇതായിരുന്നു.
മറ്റേതൊരു പ്രത്യയശാസ്ത്രത്തെയും പോലെ പ്രചാരണത്തിലൂടെ മാത്രമേ മതത്തെ വളര്‍ത്താന്‍
കഴിയൂ. പ്രചാരണം പരാജയപ്പെട്ടാൽ മതം അപ്രത്യക്ഷമാകും. പുരോഹിതവര്‍ഗം എത്രതന്നെ
നിന്ദ്യമായിരുന്നാലും മതത്തിന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. കാരണം,
പുരോഹിതവര്‍ഗത്തിന്‍റെ പ്രചാരണമാണ് മതത്തെ നിലനിര്‍ത്തുന്നത്. പുരോഹിതവര്‍ഗമില്ലെങ്കില്‍
മതം അപ്രത്യക്ഷമാകും. ഇസ്ലാമിന്‍റെ ഖഡ്ഗം ഭയങ്കരമാംവിധം പുരോഹിതവര്‍ഗത്തിന്മേല്‍
പതിച്ചു. പുരോഹിതന്മാര്‍ ഒന്നുകില്‍ നശിപ്പിക്കുകയോ അല്ലെങ്കില്‍ ജീവരക്ഷാര്‍ഥം
ഇന്ത്യയ്ക്ക് വെളിയിലേക്ക് ഒളിച്ചോടുകയോ ചെയ്തു. ബുദ്ധമതത്തിന്‍റെ ജ്വാല
തെളിച്ചുകൊണ്ടിരിക്കാന്‍ ആരും അവശേഷിച്ചില്ല.
ബ്രാഹ്മണപുരോഹിതന്മാര്‍ക്കും ഇതുപോലെ തന്നെ സംഭവിച്ചിരിക്കണമല്ലോ
എന്നു പറഞ്ഞേക്കാം. അതിന് സാധ്യതയുണ്ടെങ്കിലും അത് ഇത്രത്തോളം വ്യാപകമാവുകയില്ല.
പക്ഷേ രണ്ടു മതങ്ങളുടെയും ഘടനകള്‍ തമ്മില്‍ വലിയൊരു വ്യത്യാസമുണ്ട്; അത് വളരെ വലിയ
വ്യത്യാസമാണ്. ഇസ്ലാമിന്‍റെ ആക്രമണത്തെ
ബ്രാഹ്മണമതം അതിജീവിച്ചതിന്‍റെയും ബുദ്ധമതം അതിജീവിക്കാതിരുന്നതിന്‍റെയും മുഴുവന്‍
കാരണവും അതിലടങ്ങിയിരിക്കുന്നു. ഈ വ്യത്യാസം രണ്ടു മതങ്ങളിലെയും
പൗരോഹിത്യഘടനയുമായി ബന്ധപെട്ടതാണ്.
ബ്രാഹ്മണപൗരോഹിത്യത്തിന്
അത്യന്തം സൂക്ഷ്മമായും ശ്രദ്ധയോടുകൂടിയും വികസിപ്പിച്ചെടുത്ത ഒരു സംവിധാനമുണ്ട്.
അതിന്‍റെ വ്യക്തവും സംക്ഷിപ്തവുമായ ഒരു വിവരണം പരേതനായ സര്‍ രാമകൃഷ്ണഭണ്ടാര്‍ക്കര്‍
‘ ഇന്ത്യന്‍ ആന്‍റിക്വറി’ യുടെ പേജുകളിലൂടെ നല്‍കിയിട്ടുണ്ട്.’ അദ്ദേഹം ഇങ്ങനെ
എഴുതിയിരിക്കുന്നു:
“ഓരോ
ബ്രാഹ്മണകുടുംബവും ഒരു പ്രത്യേക വേദത്തിന്‍റെയും പ്രത്യേക വേദശാഖയുടെയും
പഠനത്തിനുവേണ്ടി സ്വയംഅര്‍പ്പണം ചെയ്തിരിക്കുന്നു; കുടുംബത്തിന്‍റെ ഗാര്‍ഹികചര്യകള്‍
നിര്‍വഹിക്കുന്നത്, ആ വേദവുമായി ബന്ധപ്പെട്ട സൂത്രത്തില്‍ വിവരിച്ചിട്ടുള്ള
വിധികളനുസരിച്ചാണ്. ആ പ്രത്യേക വേദത്തിന്‍റെ ഭാഗങ്ങളായ പുസ്തകങ്ങള്‍
ഹൃദിസ്ഥമാക്കുകയെന്നതാണ് പഠനം. ഉത്തരേന്ത്യയില്‍ പ്രമുഖസ്ഥാനം ശുക്ലയജുര്‍വേദത്തിനും
മാധ്യന്ദിനശാഖയ്ക്കുമാണ്; അവിടെ വേദപഠനം ഏറക്കുറെ ഇല്ലാതായിക്കഴിഞ്ഞു. പക്ഷേ,
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ബ്രാഹ്മണകുടുംബങ്ങള്‍ കുടിയേറിപ്പാര്‍ക്കുന്ന
ബനാറസില്‍ തുടര്‍ന്നുവന്നു. ഏതാണ്ടൊരു പരിധിവരെ ഗുജറാത്തിലും അതിനെക്കാള്‍
വളരെവലിയ ഒരു പരിധിവരെ മറാത്താ നാട്ടിലും വേദപഠനം പ്രചാരത്തിലുണ്ട്. ഈ
പഠനത്തിനുവേണ്ടി ഇന്നും ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന ധാരാളം ബ്രാഹ്മണരെ
തെലുങ്കാനയില്‍ കാണാം. അവരില്‍ ഒട്ടേറെപ്പേര്‍ ദക്ഷിണ തേടി ഇന്ത്യയുടെ എല്ലാ
ഭാഗങ്ങളിലേക്കും പോകുന്നു. സാമാന്യം സാമ്പത്തികസ്ഥിതിയുള്ള നാട്ടുകാര്‍
അവരെക്കൊണ്ട് വേദഭാഗങ്ങള്‍ ഉരുക്കഴിപ്പിച്ച ശേഷം അവരവരുടെ കഴിവനുസരിച്ച് അവരെ
സഹായിക്കുന്നു. ഏറിയ പങ്കും കൃഷ്ണയജൂര്‍വേദവും ആപസ്തംബസൂത്രവുമാണ് അവര്‍
ഉരുക്കഴിക്കാറുള്ളത്. ഇവിടെ ബോംബേയില്‍ തെലുങ്കാനാ ബ്രാഹ്മണന്‍ വന്ന് എന്നോട്
ദക്ഷിണ ചോദിക്കാതെ ഒരാഴ്ചപോലും കടന്നുപോകാറില്ല. ഓരോ തവണയും ഞാന്‍ അവരെക്കൊണ്ട്
അവര്‍ പഠിപ്പിച്ചിട്ടുള്ളത് ഉരുക്കഴിപ്പിക്കും; പിന്നീട് എന്‍റെ കൈവശമുള്ള
അച്ചടിച്ച പുസ്തകങ്ങളുമായി അതിനെ താരതമ്യപ്പെടുത്തിനോക്കും.
“ തൊഴിലിന്‍റെ കാര്യമെടുത്താല്‍ ഓരോ വേദത്തെയും
അനുസരിക്കുന്ന ബ്രാഹ്മണര്‍ പൊതുവില്‍ ഗൃഹസ്ഥന്മാരെന്നും ഭിക്ഷുകന്മാരെന്നും രണ്ടായി
വിഭജിക്കപ്പെട്ടിരിക്കുന്നു. ആദ്യത്തെ കൂട്ടര്‍ ലൗകികകാര്യങ്ങള്‍ നോക്കുമ്പോള്‍,
രണ്ടാമത്തെ കൂട്ടര്‍ വിശുദ്ധഗ്രന്ഥങ്ങളുടെ പഠനത്തിനു വേണ്ടിയും മതപരമായ
അനുഷ്ഠാനങ്ങള്‍ക്കുവേണ്ടിയും അവരുടെ സമയം ചിലവിടുന്നു.
“ ഈ രണ്ടു കൂട്ടരും ദിവസവും സന്ധ്യാവന്ദനം നടത്താറുണ്ട്. അതിന്‍റെ രൂപങ്ങള്‍ വ്യത്യസ്തവേദങ്ങള്‍ക്കനുസരണമായി കുറച്ചൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാല്‍, ‘തത് സവിതുര്‍വരേണ്യം’ – എന്നു തുടങ്ങുന്ന ഗായത്രിമന്ത്രം അഞ്ചു തവണയും അതിനുശേഷം ഇരുപത്തിയെട്ടോ നൂറ്റിയെമ്പതോ തവണയും ഉരുവിടുകയെന്നത്- ഇതാണ് ചടങ്ങിന്‍റെ മുഖ്യഭാഗം- എല്ലാവര്‍ക്കും പൊതുവായിട്ടുള്ളതാണ്."
“കൂടാതെ. ഒട്ടേറെയാളുകള്‍ ദിവസവും ബ്രഹ്മയജ്ഞം
എന്നറിയപ്പെടുന്ന ചടങ്ങ് നടത്താറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് നടത്തേണ്ടത്
എല്ലാവരുടെയും കര്‍ത്തവ്യമാണ്. ഋഗ്വേദം ഒന്നാം മണ്ഡലത്തിലെ ഒന്നാമത്തെ സൂക്തം,
ഐതരേയബ്രാഹ്മണത്തിലെ ആദ്യവാചകങ്ങള്‍, ഐതരേയആരണ്യകത്തിന്‍റെ അഞ്ചു ഭാഗങ്ങള്‍, യജൂര്‍സംഹിത,
സാമസംഹിത, അഥര്‍വസംഹിത, അശ്വലായനകല്പസൂത്രം, നിരുക്തം, ഖണ്ഡങ്ങള്‍, നിഘണ്ടു.
ജ്യോതിഷം, ശിക്ഷ, പാണിനി, യാജ്ഞവല്‍ക്യസ്മൃതി മഹാഭാരതം, കണാദന്‍റെയും
ജൈമിനിയുടെയും ബാദരായണൻറെയും സൂത്രങ്ങള്‍ എന്നിവ ഇതിനുവേണ്ടി ഉപയോഗിക്കുന്നു.”
ഇവിടെ ഓര്‍ത്തിരിക്കേണ്ട വസ്തുത, പൗരോഹിത്യം വഹിക്കുന്ന
കാര്യത്തില്‍ ഭിക്ഷുകനും ഗൃഹസ്ഥനും തമ്മില്‍ വ്യത്യാസമില്ല എന്നതാണ്.
ബ്രാഹ്മണമതത്തില്‍ ഇവര്‍ രണ്ടുപേരും പുരോഹിതന്മാരാണ്. ഗൃഹസ്ഥന് പുരോഹിതനായി പ്രവര്‍ത്തിക്കാനുള്ള
യോഗ്യത ഭിക്ഷുകനുള്ളതിനെക്കാള്‍ ഒട്ടും കുറവല്ല. ഒരു ഗൃഹസ്ഥന്‍ പുരോഹിതനായി പ്രവര്‍ത്തിക്കാന്‍
ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അതിനു കാരണം അയാള്‍ മന്ത്രങ്ങളിലും ചടങ്ങുകളിലും പ്രാവീണ്യം നേടിയിട്ടില്ല
എന്നതോ പുരോഹിതവൃത്തിയെക്കാള്‍ ആദായകരമായ ഏതോ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു
എന്നതോ ആണ്. ബ്രാഹ്മണമതത്തിന്‍റെ ക്രമീകരണത്തില്‍ ജാതിഭ്രഷ്ടനല്ലാത്ത ഏത്
ബ്രാഹ്മണനും പുരോഹിതനാകാനുള്ള യോഗ്യതയുണ്ട്. ഭിക്ഷുകന്‍ യഥാര്‍ഥ പുരോഹിതനാണെങ്കില്‍
ഗൃഹസ്ഥന്‍ പുരോഹിതനാകാന്‍ സാധ്യതയുള്ളവനും. ബ്രാഹ്മണമതത്തില്‍ പുരോഹിതന്മാരുടെ ഒരു
കുപ്പിണിയുണ്ടാക്കാന്‍ എല്ലാ ബ്രാഹ്മണരെയും അതില്‍ ചേര്‍ക്കാന്‍ കഴിയും. ഒരു
ബ്രാഹ്മണന് പുരോഹിതനായി പ്രവര്‍ത്തിക്കാന്‍ പ്രത്യേക പരിശീലനമോ, ഔപചാരികമായ ചടങ്ങോ
ആവശ്യമില്ല. പുരോഹിതവൃത്തിയില്‍ ഏര്‍പ്പെടാന്‍ അവന്‍ സന്നദ്ധനായാല്‍ മാത്രം മതി.
ബ്രാഹ്മണമതത്തില്‍ ഒരിക്കലും പുരോഹിതവര്‍ഗം കുറ്റിയറ്റ് പോവുകയില്ല. ഓരോ
ബ്രാഹ്മണനും പുരോഹിതനാകാന്‍ സാധ്യതയുള്ളവനാണ്. ആവശ്യം വന്നാല്‍ അവനെ
സേവനത്തിനെടുക്കാം. ബുദ്ധമതത്തില്‍ അത് സാധ്യമല്ല. ബുദ്ധമതത്തില്‍ ഒരു വ്യക്തിക്ക്
പുരോഹിതനായി കഴിയണമെങ്കില്‍ നേരത്തേ അഭിഷിക്തരായിട്ടുള്ള പുരോഹിതന്മാര്‍ ചേര്‍ന്ന്
വ്യവസ്ഥാപിതവിധികളനുസരിച് അയാളെ പുരോഹിതനായി അഭിഷേകം ചെയ്യണം. ബുദ്ധപുരോഹിതരുടെ
കൂട്ടക്കുരുതിക്കു ശേഷം പുതിയ പുരോഹിതന്മാരെ അഭിഷേകം ചെയ്യുകയെന്നത് അസാധ്യമായിത്തീര്‍ന്നു.
തല്‍ഫലമായി, പുരോഹിതവര്‍ഗം മിക്കവാറും ഇല്ലാതായി. ബുദ്ധപുരോഹിതന്മാരുടെ കുറവ്
നികത്താന്‍ ചില ശ്രമങ്ങള്‍ നടന്നു. ലഭ്യമായ എല്ലാ സ്രോതസ്സുകളില്‍ നിന്നും
പുരോഹിതവ്യത്തിക്ക് ആളുകളെ തെരഞ്ഞെടുക്കേണ്ടി വന്നു, നിശ്ചയമായും അവര്‍ ഏറ്റവും
നല്ല വ്യക്തികളായിരുന്നില്ല. ഇതേപ്പറ്റി ഹരിപ്രസാദ് ശാസ്ത്രി ഇപ്രകാരം പറയുന്നു:
“
ഭിക്ഷുക്കളുടെ ദൗര്‍ലഭ്യം ബുദ്ധപുരോഹിതവൃന്ദത്തിന്‍റെ ഘടനയില്‍ വമ്പിച്ച മാറ്റം
വരുത്തി. ആര്യര്‍ എന്നറിയപ്പെടുന്ന പുരോഹിതരാണ് അവര്‍ വിവാഹിതരും
കുടുംബങ്ങളുള്ളവരുമായിരുന്നു – ശരിയായ ഭിക്ഷുക്കളുടെ സ്ഥാനം ഏറ്റെടുത്ത്
ബുദ്ധമതവിശ്വാസികളുടെ മതപരമായ ആവശ്യങ്ങള്‍ നിറവേറ്റിയത്. ചില സത്യവാങ്മൂലങ്ങളുടെ
നിര്‍വഹണത്തിലൂടെ അവര്‍ സാധാരണ ഭിക്ഷുക്കളുടെ പദവി നേടിത്തുടങ്ങി (മുഖവുര, പുറം
19.7. തഥാകരഗുപ്തയുടെ അധികര്‍മരചനയിലെ ഉദ്ധരണി: 149, പുറം 1207-1208), മതപരമായ
ചടങ്ങുകളില്‍ അവര്‍ പൌരോഹിത്യം വഹിച്ചുവന്നു. എങ്കിലും, അതേസമയംതന്നെ,
പുരോഹിതവ്യത്തിക്കു പുറമെ. കല്പണിക്കാരന്‍റെയോ മരപ്പണിക്കാരന്‍റെയോ സ്വര്‍ണപ്പണിക്കാരന്‍റെയോ
പ്രതിമാശില്പിയോടെയോ പെയിന്‍ററുടെയോ തൊഴില്‍ ചെയ്താണ്. അവര്‍ ജീവസന്ധാരണം
നടത്തിയത്. കരകൌശലപ്പണിക്കാരായ ഈ പുരോഹിതന്മാര്‍- പില്‍ക്കാലത്ത് അവരുടെ എണ്ണം
ശരിയായ ഭിക്ഷുക്കളുടെതിനേക്കാള്‍ കൂടുതലായി – ജനങ്ങളുടെ മതപരമായ കാര്യങ്ങള്‍ക്ക്
വഴികാട്ടികളായിത്തീര്‍ന്നു. അവരുടെ തൊഴിലുകള്‍ അവര്‍ക്ക് ജ്ഞാനസമ്പാദനത്തിനോ
അഗാധമായ ചിന്തയ്ക്കോ ധ്യാനത്തിനോ മറ്റ് ആത്മീയപ്രവര്‍ത്തനങ്ങള്‍ക്കോ സമയം നല്‍കിയില്ല.
അതിനുള്ള ആഗ്രഹവും ഉളവാക്കിയില്ല. ക്ഷയിച്ചുകൊണ്ടിരുന്ന ബുദ്ധമതത്തെ അവര്‍
തങ്ങളുടെ പ്രയത്നം കൊണ്ട് ഉന്നതസ്ഥിതിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുക
സാധ്യമല്ലായിരുന്നു. ആരോഗ്യകരമായ പരിഷ്കാരങ്ങളേര്‍പ്പെടുത്തി ബുദ്ധമതത്തിന്‍റെ
നാശത്തിലേക്കുള്ള പോക്കിനെ തടയാനും അവര്‍ക്ക് കഴിയുമായിരുന്നില്ല.
ഈ പുതിയ ബുദ്ധപുരോഹിതന്മാര്‍ക്ക് അന്തസ്സോ പാണ്ഡിത്യമോ
ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണല്ലോ. പ്രതിയോഗികളായ ബ്രാഹ്മണരെ - അവര്‍ക്ക്
പാണ്ഡിത്യത്തോടൊപ്പം തന്നെ കൌശലവുമുണ്ടല്ലോ- നേരിടാന്‍ അവര്‍ക്ക്
കെല്പില്ലായിരുന്നു.
ബ്രാഹ്മണമതം ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുകയും ബുദ്ധമതം അങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കാതിരിക്കുകയും
ചെയ്തത് ബ്രാഹമണമതത്തിന് ബുദ്ധമതത്തെ അപേഷിച്ച് ജന്മസിദ്ധമായി എന്തെങ്കിലും ഔല്‍കൃഷ്ട്യം
ഉള്ളതുകൊണ്ടല്ല. അതിന്‍റെ കാരണം കുടികൊള്ളുന്നത്, അവയുടെ പൗരോഹിത്യത്തിന്‍റെ
പ്രത്യേക സ്വഭാവത്തിലാണ്. ബുദ്ധമതം ചത്തു മണ്ണടിഞ്ഞത് അതിന്‍റെ പുരോഹിതന്മാര്‍
മരിച്ചതുകൊണ്ടും അവരെ സൃഷ്ടിക്കുക സാധ്യമല്ലാത്തതുകൊണ്ടുമാണ്. ബ്രാഹ്മണമതം
പരാജയപ്പെട്ടെങ്കിലും ഒരിക്കലും പൂര്‍ണ്ണമായി തകര്‍ന്നുപോയില്ല. ജീവിച്ചിരിക്കുന്ന
ഓരോ ബ്രാഹ്മണനും ഒരു പുരോഹിതനാവുകയും മരണമടഞ്ഞ ഓരോ പുരോഹിതന്‍റെയും സ്ഥാനം
ഏറ്റെടുക്കുകയും ചെയ്തു.
ബുദ്ധമതവിശ്വാസികളുടെ
ഇസ്ലാംമതത്തിലേക്കുള്ള പരിവര്‍ത്തനം ബുദ്ധമതത്തിന്‍റെ പതനത്തിനുള്ള ഒരു
കാരണമായിരുന്നു എന്നതിനെ സംബന്ധിച്ചിടത്തോളം യാതൊരു സംശയത്തിനും അവകാശമില്ല.
1938-
ല്‍ അലഹബാദില്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്‍റെ ആദിമ മധ്യയുഗത്തെയും
രജപുത്രരെയും സംബന്ധിച്ച സമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിച്ചുകൊണ്ട് പ്രൊഫസര്‍
സുരേന്ദ്രനാഥ്സെന്‍ ഇന്ത്യയുടെ മധ്യയുഗത്തിന്‍റെ കാര്യത്തില്‍ ഇനിയും തൃപ്തികരമായ
ഉത്തരങ്ങള്‍ ലഭിച്ചിട്ടില്ലാത്ത രണ്ട് പ്രശ്നങ്ങളുണ്ടെന്നു ശരിയായിത്തന്നെ
ചൂണ്ടിക്കാട്ടുകയുണ്ടായി, ഈ രണ്ട് പ്രശ്നങ്ങളില്‍ ആദ്യത്തേത്, രജപുത്രരുടെ
ഉത്ഭവവുമായും, രണ്ടാമത്തേത്, ഇന്ത്യയില്‍ മുസ്ലിം ജനതയുടെ വിതരണവുമായും
ബന്ധപ്പെട്ടതാണെന്നു അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ പ്രശ്നത്തെ പരാമര്‍ശിച്ചുകൊണ്ട്
അദ്ദേഹം പ്രസ്താവിച്ചു:
“ഇന്നു പുരാവസ്തുഗവേഷണപരമായി പൂര്‍ണമായ
താല്പര്യമുള്ളതല്ലാത്ത ഒരു
പ്രശ്നത്തെക്കുറിച്ച് ഞാന്‍ പ്രതിപാദിച്ചുകൊള്ളട്ടെ. ഇന്ത്യയില്‍ മുസ്ലിം ജനതയുടെ
വിതരണത്തിന് എന്തെങ്കിലും വിശദീകരണം കണ്ടെത്തേണ്ടത് ആവശ്യമാണ്. ഇസ്ലാം
ആക്രമണത്തിന്‍റെ പാതയിലൂടെ വന്നുവെന്നും കീഴടക്കപ്പെട്ട ജനങ്ങള്‍ അവരുടെ
ഭരണാധികാരികളുടെ മതം സ്വീകരിക്കാന്‍ നിര്‍ബദ്ധരായെന്നുമാണ് പൊതുവില്‍
വിശ്വസിക്കപ്പെടുന്നത്. അതിര്‍ത്തിപ്രവശ്യയിലും പഞ്ചാബിലും മുസ്ലിങ്ങള്‍ക്കുള്ള
പ്രാമാണ്യം ഈ വാദഗതിക്ക് അല്പം നിറം പകരുന്നുണ്ട്. പക്ഷെ, പൂര്‍വ ബംഗാളില്‍
മുസ്ലിങ്ങള്‍ക്ക് വമ്പിച്ച ഭൂരിപക്ഷമുള്ളതെന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ ഈ
സിദ്ധാന്തത്തിന് കഴിയുന്നില്ല. കുശാനവംശത്തിന്‍റെ കാലത്ത് വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി
പ്രവിശ്യയില്‍ പാര്‍ത്തിരുന്നത് തുര്‍ക്കിവംശജരായ ജനങ്ങളായിരുന്നിരിക്കാം; പുതിയ ജേതാക്കളുമായുള്ള
വംശീയമായ അടുപ്പം കൊണ്ടാണ് അവര്‍ എളുപ്പത്തില്‍ ഇസ്ലാംമിലേക്ക് മതപരിവര്‍ത്തനം
ചെയ്തതെന്ന് വിശദീകരിക്കുകയും ചെയ്യാം. പക്ഷേ, പൂര്‍വബംഗാളിലെ മുസ്ലിങ്ങള്‍,
നിശ്ചയമായും തുര്‍ക്കികളുമായും അഫ്ഗാന്‍കാരുമായും വംശീയബന്ധമുള്ളവരല്ല; ആ
പ്രദേശത്തെ ഹിന്ദുക്കള്‍ മതപരിവര്‍ത്തനം ചെയ്തത് മറ്റ് കാരണങ്ങള്‍
കൊണ്ടായിരുന്നിരിക്കണം.
ഈ
മറ്റു കാരണങ്ങള്‍ എന്തൊക്കെയാണ്? മുസ്ലിങ്ങളുടെ കാലാനുക്രമമായ ചരിത്രരേഖകളില്‍
കാണുന്ന പ്രസ്തുത കാരണങ്ങള്‍ പ്രൊഫസര്‍ സെന്‍ തെളിച്ചുപറയുകയുണ്ടായി.
പ്രത്യക്ഷസാക്ഷ്യമുള്ള സിന്‍ഡിന്‍റെ കാര്യം അദേഹം എടുത്തുകാട്ടി:
“സിന്‍ഡിലെ
ബുദ്ധമതവിശ്വാസികള്‍ ബ്രാഹ്മണരാജാക്കന്മാരുടെ കീഴില്‍ എല്ലാവിധത്തിലുമുള്ള
അധിക്ഷേപങ്ങള്‍ കൊണ്ടും അപമാനങ്ങള്‍ കൊണ്ടും കഷ്ടപ്പെടുകയായിരുന്നുവെന്ന് ചാച്ച്നാമയില്‍
പറയുന്നു. അറബികള്‍ സിന്‍ഡ് ആക്രമിച്ചപ്പോള്‍ ബുദ്ധമതക്കാര്‍ അവര്‍ക്ക് ഹൃദയംഗമമായ
പിന്തുണ നല്‍കി. പിന്നീട് ദാഹീര്‍ വധിക്കപ്പെടുകയും അയാളുടെ രാജ്യത്ത് മുസ്ലിം
ഗവണ്മെന്‍റ് സുസ്ഥപിതമാവുകയും ചെയ്തപ്പോള്‍ തങ്ങളുടെ അവകാശങ്ങളെയും
ആനുകൂല്യങ്ങളെയും സംബന്ധിച്ചിടത്തോളം പൂര്‍വസ്ഥിതി പുനസ്ഥാപിക്കാന്‍ മാത്രമേ
അറബികള്‍ സന്നദ്ധരകുന്നുള്ളൂവെന്നും പുതിയ ഭരണത്തിന്‍ കീഴില്‍പോലും ഹിന്ദുക്കള്‍ക്ക്
പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നും കണ്ട് ബുദ്ധമതവിശ്വാസികള്‍ ഞെട്ടിപ്പോയി. ഈ
വൈഷമ്യത്തില്‍ നിന്ന് രക്ഷപെടാനുള്ള ഏകമാര്‍ഗം ഇസ്ലാംമതം
സ്വീകരിക്കുകയെന്നതയിരുന്നു. എന്തുകൊണ്ടെന്നാല്‍, ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം
ചെയ്യുന്നവര്‍ക്ക് ഭരണാധികാരിവര്‍ഗങ്ങള്‍ക്കുവേണ്ടി സംവരണം ചെയ്തിട്ടുള്ള എല്ലാ
വിശേഷാനുകൂല്യങ്ങളും ലഭിക്കാന്‍ അവകാശമുണ്ടായിരുന്നു. അതുകൊണ്ട് സിന്ധിലെ
ബുദ്ധമതവിശ്വാസികള്‍ കൂട്ടംകൂട്ടമായി ഇസ്ലാംമതത്തില്‍ ചേര്‍ന്നു.”
അതിനുശേഷം,
പ്രൊഫസര്‍ സെന്‍ സുപ്രധാനമായ ഒരു വസ്തുതകൂടി വ്യക്തമാക്കി:
“ഇന്നു
മുസ്ലിങ്ങള്‍ക്ക് പ്രാമാണ്യമുള്ള പഞ്ചാബ്, കശ്മീര്‍, ബെഹാര്‍ ഷരീഫിന്
ചുറ്റുമുള്ള ജില്ല, വടക്കുകിഴക്കന്‍ ബംഗാള്‍ എന്നീ പ്രദേശങ്ങളെല്ലാം മുസ്ലിങ്ങളുടെ
കാലത്തിന് മുന്‍പ് ബുദ്ധമതക്കാരുടെ പ്രബലകേന്ദ്രങ്ങളായിരുന്നുവെന്നത് യാദൃശ്ചികമാവുക സാധ്യമല്ല. ബുദ്ധമത വിശ്വാസികള്‍ ഹിന്ദുക്കളെക്കാള്‍
എളുപ്പത്തില്‍ രാഷ്ട്രീയ പ്രലോഭനങ്ങള്‍ക്കു വശംവദരായെന്നും സ്വന്തം രാഷ്ട്രീയപദവി
മെച്ചപ്പെടുത്താനുള്ള സാധ്യതകളായിരുന്നു അവരുടെ മതംമാറ്റത്തിന് കാരണമെന്നും
പറയുന്നത് നീതിപൂര്‍വകമായിരിക്കുകയില്ല.”
നിര്‍ഭാഗ്യമെന്നു പറയട്ടെ,
ഇന്ത്യയിലെ ബുദ്ധമതവിശ്വാസികള്‍ ഇസ്ലാമിനനുകൂലമായ് ബുദ്ധമതം പരിത്യജിക്കാന്‍ നിര്‍ബദ്ധരായതിന്‍റെ
കാരണങ്ങളെപ്പറ്റി ഗവേഷണമൊന്നും നടന്നിട്ടില്ല. അതുകൊണ്ട്, ബ്രാഹമണരാജാക്കന്മാരുടെ
പീഡനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എത്രത്തോളം ഉത്തരവാദിത്വമുണ്ടെന്ന് പറയാന്‍
സാധ്യമല്ല. എങ്കിലും മുഖ്യകാരണം അതായിരുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകള്‍
ഒട്ടും കുറവല്ല. ബുദ്ധമതക്കാരായ ജനങ്ങളെ പീഡിപ്പിക്കുന്നതില്‍ വ്യാപൃതരായിരുന്ന
രണ്ടു രാജാക്കന്മാരേപ്പറ്റിയുള്ള പ്രത്യക്ഷമായ തെളിവുകള്‍ നമ്മുടെ പക്കലുണ്ട്.
ഒന്നാമത്
പറയേണ്ടത്, മിഹിരകുലന്‍റെ കാര്യമാണ്. എ. ഡി. 455- മാണ്ടിനോടടുപ്പിച്ച് ഇന്ത്യ
ആക്രമിക്കുകയും ഉത്തരേന്ത്യയില്‍ സകാല – ആധുനിക പഞ്ചാബിലെ സിയാല്‍ക്കോട്ട് –
തലസ്ഥാനമാക്കി സ്വന്തം രാജ്യം സ്ഥാപിക്കുകയും
ചെയ്ത ഹൂണന്മാരുടെ വംശത്തില്‍പ്പെട്ടവനായിരുന്നു അയാള്‍. എ. ഡി. 528-
നോടടുപ്പിച്ചാണ് അയാള്‍ ഭരണം നടത്തിയിരുന്നത്. വിന്‍സെന്റ് സ്മിത്ത് പറയുന്നതുപോലെ:
“മിഹിരകുലനെ
രക്തവെറിപിടിച്ച മര്‍ദകനായി അവതരിപ്പിക്കുന്നതിനോട് ഇന്ത്യന്‍ പാരമ്പര്യങ്ങളെല്ലാം
യോജിക്കുന്നു. സാധാരണമായ അളവില്‍ കവിഞ്ഞ ‘ ഒടുങ്ങാത്ത ക്രൂരത’ യുടെ – ഇത്
ഹൂണന്മാരുടെ സ്വഭാവവിശേഷണമാണെന്ന് ചരിത്രകാരന്മാര്‍ കരുതുന്നു – കറ ‘ ഇന്ത്യയിലെ
ആട്ടിലാ’ യുടെ മേല്‍ പുരണ്ടിരുന്നു.”
സ്മിത്തിന്‍റെ
ഭാക്ഷയില്‍ത്തന്നെ പറഞ്ഞാല്‍, മിഹിരകുലന്‍ “സമാധാനപൂര്‍ണമായ
ബുദ്ധമതവിശ്വാസതിനെതിരെ ക്രൂരമായ ശത്രുത്വം പ്രകടിപ്പിച്ചു. യാതൊരു പശ്ചാത്താപവുമില്ലാത്ത
അയാള്‍ സ്തൂപങ്ങളും ബുദ്ധവിഹാരങ്ങളും നിലംപരിശാക്കി. അവിടങ്ങളിലെ സമ്പത്തു
മുഴുവനും അയാള്‍ കൊള്ളയടിച്ചു.”
രണ്ടാമത്തെ
രാജാവ് പൂര്‍വേന്ത്യയിലെ ശശാങ്കനയിരുന്നു. എ. ഡി. ഏഴാം നൂറ്റാണ്ടിന്‍റെ
ആദ്യദശകത്തിലാണ് അയാള്‍ ഭരണം നടത്തിയത്. ഹര്‍ഷനുമായുള്ള ഒരു സംഘട്ടനത്തില്‍ അയാള്‍
പരാജിതനായി. വിന്‍സെന്റ് സ്മിത്തിന്‍റെ ഭാഷയില്‍,
“ഹര്‍ഷന്‍റെ
സഹോദരന്‍റെ വിശ്വാസവഞ്ചകനായ കൊലയാളിയെന്നാണ് ശശാങ്കനെപ്പറ്റി പറയുന്നത്. അയാള്‍ ഗുപ്തവംശത്തിലെ
ഒരു അനന്തരഗാമിയായിരുന്നുവെന്ന് തോന്നുന്നു. ശിവന്‍റെ ആരാധകനായ അയാള്‍ ബുദ്ധമതത്തെ
വെറുക്കുകയും അതിനെ ഉന്മൂലനം ചെയ്യാന്‍ പരമാവധി യത്നിക്കുകയും ചെയ്തു. അശോകന്‍
ക്രമാതീതമായി പൂജിച്ചിരുന്നുവെന്ന് ഐതിഹ്യത്തില്‍ പറയുന്ന ബുദ്ധഗയയിലെ ബോധിവൃഷം
അയാള്‍ തോണ്ടിയെടുത്ത് ചുട്ടെരിച്ചു. പാടലീപുത്രത്തില്‍ ബുദ്ധന്‍റെ കാല്പാടുകള്‍
പതിഞ്ഞിരുന്ന ശില അയാള്‍ തല്ലിത്തകര്‍ത്തു. അയാള്‍ വിഹാരങ്ങള്‍ നശിപ്പിക്കുകയും
ഭിക്ഷുക്കളെ ചിന്നിചിതറിക്കുകയും ചെയ്തു. നേപ്പാള്‍ കുന്നുകളുടെ അടിവാരങ്ങള്‍ വരെ
അയാള്‍ പീഡനങ്ങള്‍ അഴിച്ചുവിട്ടു.”
ഏഴാം ശതകം ഇന്ത്യയില്‍ മതപീഡനങ്ങളുടെ
കാലമായിരുന്നുവെന്ന് തോന്നുന്നു. സ്മിത്ത് പറയുന്നതുപോലെ:
“ഏഴാം
ശതകത്തില്‍ ദക്ഷിണേന്ത്യയില്‍ സജാതീയമതമായ ജൈനമതത്തിനെതിരായി ഭീകരമായ പീഡനം
നടന്നു.”
മുസ്ലിം
ആക്രമണങ്ങളുടെ കാലത്തോട് കുറെക്കൂടി അടുത്തുവരുമ്പോള്‍ സിന്‍ഡിന്‍റെ ഉദാഹരണം നാം
കാണുന്നു. അവിടെ മതപരിവര്‍ത്തനത്തിനു കാരണം’ പീഡനമായിരുന്നുവെന്നതില്‍ സംശയമില്ല.
ഉത്തരേന്ത്യയിലെ രാജാക്കന്മാര്‍ ബുദ്ധമതവിരോധികളായിരുന്ന ബ്രാഹ്മണരോ രജപുത്രരോ
ആയിരുന്നുവെന്ന വസ്തുത വച്ചു നോക്കുമ്പോള്‍ മുസ്ലിം അക്രമണങ്ങളുടെ കാലംവരെയും ഈ
പീഡനങ്ങള്‍ തുടര്‍ന്നിരുന്നുവെന്ന് ഊഹിക്കാം. പന്ത്രണ്ടാം ശതകത്തില്‍ പോലും
ജൈനന്മാരെ പീഡിപ്പിച്ചിരുന്നുവെന്നതിന് ചരിത്രത്തില്‍ മതിയായ തെളിവുണ്ട്. എ. ഡി.
1174 –ല്‍ ഗുജറാത്തില്‍ സിംഹാസനാരൂഡനായ ശിവഭക്തനായ അജയദേവന്‍ എന്ന
രാജാവിനെപ്പറ്റിസ്മിത്ത് പരാമര്‍ശിക്കുന്നുണ്ട്. ജൈനന്മാര്‍ക്കെതിരെ നിര്‍ദയപീഡനങ്ങള്‍
അഴിച്ചുവിട്ടുകൊണ്ടാണ് ഭരണം തുടങ്ങിയത്. അവരുടെ നേതാവിനെ അയാള്‍ ക്രൂരമായ മര്‍ദനത്തിനിരയാക്കുകയുംവധിക്കുകയും
ചെയ്തു. “ക്രൂരമായ പീഢനങ്ങളുടെ മറ്റനേകം ഉദാഹരണങ്ങള്‍ തെളിവുകള്‍സഹിതം
ഉദ്ധരിക്കാന്‍ കഴിയും” എന്നും സ്മിത്ത്പറയുന്നു.
അപ്പോള്‍,
ബ്രാഹ്മണമതത്തിന്‍റെ മർദ്ദനത്തില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗമെന്ന നിലയില്‍
ബുദ്ധമതവിശ്വാസികള്‍ ഇസ്ലാംമതം സ്വീകരിച്ചതാണ് ബുദ്ധമതത്തിന്‍റെ പതനത്തിനു
കാരണമെന്ന നിഗമനത്തെ ഖണ്ഡിക്കാൻ യാതൊന്നുമില്ല. ഇതു സംബന്ധിച്ച തെളിവുകള്‍ ഈ നിഗമനത്തിന്
വേണ്ടുവോളം ഉപോദ്ബാലകമല്ലെങ്കില്‍ക്കൂടിയും ചുരുങ്ങിയപക്ഷം അതിന്‍റെ
സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. അത് ഒരു അത്യാഹിതമായിരുന്നുവെന്നാണ്
പറയുന്നതെങ്കില്‍ ബ്രാഹ്മണമതം ആ അത്യാഹിതത്തിന്‍റെ പേരില്‍ സ്വയം നന്ദി പറയണം.
Comments
Post a Comment